ആശുപത്രികളിൽ സൗകര്യമില്ല; ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാകാതെ പാചകത്തൊഴിലാളികള്‍
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് എടുക്കാനാവാതെ പരമ്പരാഗത പാചകത്തൊഴിലാളികള്‍. സർക്കാർ ആശുപത്രികളിൽ കാർഡ് നൽകുന്നതിനുള്ള പരിശോധന നടത്താൻ സൗകര്യമില്ലെന്നാണ് പരാതി. കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. രക്തപരിശോധന, ശാരീരിക പരിശോധന, ടൈഫോയ്ഡ്, മഞ്ഞപ്പിത്ത ലക്ഷണ പരിശോധനകൾ എന്നിവയാണ് ഹെൽത്ത് കാർഡ് നൽകുന്നതിനു ആരോഗ്യവകുപ്പ് അനുശാസിക്കുന്ന സർക്കുലറിലുള്ളത്. എന്നിരുന്നാലും, അവയിൽ പലതും പരിശോധിക്കാൻ ലാബുകൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് പാചകതൊഴിലാളികൾ. സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും ടൈഫോയ്ഡ് പരിശോധനയ്ക്ക് സൗകര്യമില്ല. വലിയ തുകയ്ക്ക് എല്ലാ വർഷവും സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തുന്നത് സാധാരണ തൊഴിലാളികളെ ദുരിതത്തിലാക്കുമെന്നും ഇവർ പറയുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.