കേരളത്തെ സേഫ് ഫുഡ് ഡെസ്റ്റിനേഷനാക്കാനുള്ള പദ്ധതികളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തെ സുരക്ഷിതമായ ഭക്ഷണ ഇടമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും സഹകരണം മറ്റ് വകുപ്പുകൾക്കൊപ്പം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ സേഫ് ഫുഡ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനു വലിയ പ്രവര്‍ത്തന പരിപാടിക്കും പരിശോധനകൾക്കുമാണ് തുടക്കം കുറിക്കുന്നത്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും എഫ്എസ്എസ് നിയമപ്രകാരം രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടെന്ന് ഉറപ്പാക്കുക, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കുക, പരിശീലനം, ഹൈജീന്‍ റേറ്റിംഗ്, മൊബൈൽ ആപ്പ്, തുടങ്ങിയവയിലൂടെ സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എഫ്എസ്എസ് നിയമപ്രകാരം, എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. നിയമപരമായി കഴിയുന്നത്ര നടപടികൾ സ്വീകരിക്കും. ലൈസൻസ് സസ്പെൻഡ് ചെയ്തുകഴിഞ്ഞാൽ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ പരിശോധനക്ക് ശേഷമേ ലൈസൻസ് പുതുക്കി നൽകൂ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമനടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.