എലിപ്പനി; സില്‍വര്‍ സ്റ്റോം വാട്ടര്‍തീം പാർക്ക് പൂട്ടാൻ ആരോഗ്യവകുപ്പിൻ്റെ നിർദേശം

ചാലക്കുടി: അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഡിഎംഒയുടെ ഉത്തരവ്. പാർക്കിൽ വാട്ടർ സ്പോർട്സിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പനിയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നീന്തൽക്കുളങ്ങൾ അടയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് പനി, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. എറണാകുളം പനങ്ങാട് സ്കൂളിൽ നിന്ന് ഉല്ലാസയാത്രയിൽ പങ്കെടുത്ത കുട്ടികളിലാണ് രോഗലക്ഷണങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തത്. പനങ്ങാട് സ്കൂളിലെ ഒരേ പ്രായത്തിലുള്ള 25 ലധികം വിദ്യാർത്ഥികൾ ചികിത്സ തേടിയതായാണ് സൂചന. കഴിഞ്ഞ മാസം അവസാനം വിദ്യാർത്ഥികൾ വിനോദ കേന്ദ്രം സന്ദർശിച്ചിരുന്നു. പനങ്ങാട് സ്കൂളിൽ നിന്ന് അഞ്ച് ബസുകളിലാണ് വിദ്യാർത്ഥികൾ എത്തിയത്. മറ്റ് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും വിനോദസഞ്ചാരികളും നടത്തിയ സന്ദർശനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പാർക്ക് സന്ദർശിച്ച വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്കൂളിലെ വിദ്യാർത്ഥികൾക്കും പനിയുടെ ലക്ഷണങ്ങൾ കാണിച്ചതായി സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചു. ജില്ലയിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം പാർക്ക് പരിശോധിച്ച ശേഷമാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.

Related Posts