കാൻസർ മുതൽ വൃക്കയിലെ കല്ലുകൾ വരെ; വിറ്റാമിൻ ഡി അധികമായാലുള്ള ആരോഗ്യ പ്രശ്നങ്ങൾ

വിറ്റാമിൻ അഥവാ ജീവകം മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ്റെ അളവ് കൂടിയാലും കുറഞ്ഞാലും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ശരിയായ വിറ്റാമിൻ സന്തുലനം ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്.

വിറ്റാമിൻ ഡി യുടെ അപര്യാപ്തത നിരവധി അസുഖങ്ങൾക്ക് ഇടയാക്കും എന്ന വിവരം മിക്കവർക്കും അറിയാം. എല്ലുകൾക്കും പല്ലുകൾക്കും സംഭവിക്കുന്ന കേടുപാടുകൾ മുതൽ മാനസിക രോഗങ്ങൾക്ക് വരെ അത് കാരണമാവാറുണ്ട്. എന്നാൽ വിറ്റാമിൻ ഡി യുടെ ആധിക്യം ശരീരത്തിൽ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള അവബോധം ആളുകളിൽ വേണ്ടത്രയില്ല എന്നു കാണാം.

വിറ്റാമിനോസിസ് അഥവാ വിറ്റാമിൻ ടോക്സിസിറ്റി അതീവ അപകടകരമാണ്. കാൻസർ മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരെ അതുമൂലം ഉണ്ടാകും. വിറ്റാമിൻ ഡി അധികമായാൽ അസാധാരണമാംവിധം ഉയർന്ന അളവിലുള്ള കാൽസ്യം രക്തത്തിൽ എത്തിച്ചേരും. ഇതുമൂലം വൃക്കയിൽ കല്ലുകൾ രൂപപ്പെടാനും എല്ലുകൾ എളുപ്പത്തിൽ ഒടിയാനുമുള്ള സാധ്യതയും ഉണ്ട്.

തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത തരത്തിലുള്ള ആശയക്കുഴപ്പം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം. ഓക്കാനം, നിർത്താതെയുള്ള ഛർദ്ദി, മലബന്ധം, അമിതമായ ദാഹം, അമിതമായ മൂത്രമൊഴിക്കൽ തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ കാണപ്പെടാറ്.

Related Posts