കനത്ത മഴ; മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത
മലപ്പുറം: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മുൻകരുതലിന്‍റെ ഭാഗമായി അങ്ങാടിപ്പുറം, വെട്ടത്തൂർ മേഖലകളിലെ 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എടക്കര പ്രദേശത്തെ പാലങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തു. നിലമ്പൂർ താലൂക്കിലെ ആദിവാസി കോളനി നിവാസികൾ ദുരന്തസമയത്ത് ഒറ്റപ്പെട്ടുപോകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കനത്ത മഴ പെയ്താൽ ഒറ്റപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 10 ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ സർക്കാർ, സ്വകാര്യ ആശുപത്രികളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളും 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ വകുപ്പിൽ ഒഴിവുള്ള തസ്തികകളിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദുരന്ത നിവാരണ സേനയുടെ സംഘം നിലമ്പൂരിലെത്തിയിട്ടുണ്ട്.