തുലാവർഷം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തുലാവർഷ കണക്കിൽ കേരളത്തിൽ ലഭിക്കേണ്ട 98.5% മഴയും ലഭിച്ചു കഴിഞ്ഞു

ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെ വരെയുള്ള 92 ദിവസത്തിൽ ലഭിക്കേണ്ട മഴ 491.6 മില്ലിമീറ്റർ ആണ്. എന്നാൽ ഒക്ടോബർ 21 വരെ കേരളത്തിൽ ലഭിച്ചത് 484.3 മില്ലിമീറ്റർ.

ഔദ്യോഗികമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ തുലാവർഷ മഴയായാണ് കണക്കാക്കുക

കാസറഗോഡ്,കണ്ണൂർ, കോഴിക്കോട്, പാലക്കാട്‌, പത്തനംതിട്ട ജില്ലകളിൽ തുലാവർഷ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു.

കാസറഗോഡ് ജില്ലയിൽ ഒക്ടോബർ 13 ന് തന്നെ സീസണിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. 344 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ 447 മില്ലിമീറ്റർ മഴ ലഭിച്ചു. കണ്ണൂർ ജില്ലയിൽ ഡിസംബർ 31 വരെ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ഒക്ടോബർ 21 വരെ 484 മില്ലിമീറ്റർ, കോഴിക്കോട് ജില്ലയിൽ 450 ലഭിക്കേണ്ട സ്ഥാനത്തു 568 മില്ലിമീറ്റർ ലഭിച്ചു കഴിഞ്ഞു, പാലക്കാട്‌ ജില്ലയിൽ 403 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു 462 മില്ലിമീറ്ററും, പത്തനംതിട്ട ജില്ലയിൽ 603 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു 663 മില്ലിമീറ്റർ മഴയും ലഭിച്ചു കഴിഞ്ഞു

ഇടുക്കി ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയുടെ 99.8% ലഭിച്ചു കഴിഞ്ഞപ്പോൾ മലപ്പുറം (96.8% ), എറണാകുളം ( 94.8%), തൃശൂർ (91.9%) മഴയും ലഭിച്ചു കഴിഞ്ഞു.

തെക്കൻ തമിഴ്നാട് തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 2 ദിവസങ്ങളിൽ കൂടി തുടരാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ ശക്തമായ മഴക്ക് സാധ്യത. ഇന്ന് (ഒക്ടോബർ 21) ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത.

ഒക്ടോബർ 26 നു മാത്രമേ കേരളത്തിൽ നിന്ന് കാലവർഷം പൂർണമായും പിൻവാങ്ങുകയുള്ളുയെന്നും അതെ ദിവസം തന്നെ തുലാവർഷം കേരളത്തിൽ ആരംഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന സീസൺ ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യുന മർദ്ദങ്ങൾ / ചുഴലിക്കാറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്ന് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

Related Posts