തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് രൂക്ഷമായ വെള്ളക്കെട്ട് ; കൺട്രോൾ റൂമുകൾ സജ്ജം

കുന്നംകുളം: കനത്ത മഴയിൽ കുന്നംകുളം നഗരത്തിലെ പ്രധാന ഉപറോഡുകളില്‍ ഒന്നായ ഭാവന തിയറ്റർ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. ഇതുവഴിയുള്ള ഗതാഗതം നഗരസഭ അധികൃതരും നാട്ടുകാരും ചേർന്ന് തിരിച്ചുവിട്ടു.

പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡില്‍ വെള്ളക്കെട്ട് ശക്തമായതിനെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഭാവന തിയറ്റര്‍ മുതല്‍ സബ്ട്രഷറി ഓഫീസ് വരെയുള്ള ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.

നഗരസഭയിലെ വടുതല വട്ടംപാട്ടം മേഖലയിലും ചാട്ടുകുളം മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. വട്ടംപാടം കരിയന്തടത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ രണ്ടു ഗ്രൂപ്പുകളായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

നഗരത്തിലെ പട്ടാമ്പി റോഡ്, ഗുരുവായൂർ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. സമീപത്തെ കാണിപ്പയ്യൂർ ആശുപത്രി കോംപൗണ്ടിലും വെള്ളം കയറി. നിലവിൽ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഇല്ലെന്ന് തഹസിൽദാർ അറിയിച്ചു.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. (ഫോൺ:04885-225711). പ്രതിരോധ ഏകോപന പ്രവർത്തനങ്ങൾക്ക് കുന്നംകുളം താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായതായി തഹസിൽദാർ അറിയിച്ചു. (ഫോൺ : 04885 225700, 225200). ഇതിന് പുറമെ കാലവര്‍ഷക്കെടുതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേലൂര്‍ ഗ്രാമ പഞ്ചായത്തിലും (ഫോൺ: 04885 285431) കടവല്ലൂർ ഗ്രാമപഞ്ചായത്തിലും (ഫോൺ: 04885 280770) കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Related Posts