സൗദി അറേബ്യയിൽ പലയിടത്തും കനത്ത മഴ; ഒരു കുട്ടി മുങ്ങി മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും. ഹായില്‍ പ്രദേശത്ത് വെള്ളക്കെട്ടിൽ ഒരു കുട്ടി മുങ്ങിമരിച്ചു. താഴ്‌വരയിലെ ചതുപ്പുനിലത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ കുട്ടിയെ സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്ക, മദീന, അൽഖസീം, ഹാഫർ അൽ ബത്വിൻ, റഫ്ഹ എന്നിവിടങ്ങളിൽ മഴ ലഭിച്ചു. ഹെഫ്ന താഴ്‌വരയിൽ വെള്ളക്കെട്ടിൽ പെട്ട വാഹനത്തിൽ കുടുങ്ങിയ നാല് പേരെ ശനിയാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, മലയോര മലഞ്ചെരിവുകൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ മെറ്റീരിയോളജി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി അറേബ്യയിലെ നഗരങ്ങളിൽ മഴയ്ക്കും ആലിപ്പഴവർഷത്തിനും ഉയർന്ന പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും അധികൃതർ അറിയിച്ചു.