മഴക്കെടുതി: തൃശ്ശൂർ ജില്ലയിൽ ഉന്നത തല യോഗം ചേർന്നു

തൃശ്ശൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത തല യോഗം ചേർന്നു.  ഓൺലൈനായി ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് പ്രതിനിധികൾ നിലവിലെ സ്ഥിതി വിശദീകരിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ താലൂക്കുകളിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ സംബന്ധിച്ച് തഹസിൽദാർമാർ വിശദീകരിച്ചു. തൃശൂർ താലൂക്കിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള  പുത്തൂർ, മാടക്കത്തറ പഞ്ചായത്തുകളിൽ നിന്ന്  ജനങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുന്നംകുളം താലൂക്കിലെ നെല്ലുവായ്, വേലൂർ, വെള്ളാറ്റഞ്ഞൂർ പ്രദേശങ്ങളിൽ വെള്ളക്കെട്ട് സാധ്യത കണക്കിലെടുത്ത് വേണ്ട നടപടികൾ സ്വീകരിച്ചതായി തഹസിൽദാർ അറിയിച്ചു. ചാവക്കാട്, ചാലക്കുടി മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരാൻ വില്ലേജ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. മതിയായ ജാഗ്രതാ നിർദ്ദേങ്ങൾക്ക് ശേഷം ഘട്ടം ഘട്ടമായാണ് ഡാമുകൾ തുറക്കേണ്ടത്. മഴ തുടരുന്നതിനാൽ എല്ലാ വകുപ്പുകളും ജാഗ്രത തുടരണമെന്നും കലക്ടർ നിർദ്ദേശിച്ചു. കൂടുതല്‍ മഴയുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കലക്ടർ പറഞ്ഞു.

റെഡ് അലർട്ട് സാഹചര്യത്തിൽ ജില്ലയിലെ അതിരപ്പിള്ളി, മലക്കപ്പാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു. ബീച്ചുകളിലും സന്ദർശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര 18 വരെ നിരോധിച്ചിട്ടുണ്ട്. വൈകീട്ട് 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം. കൂടാതെ മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ ഉള്ളവർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ബന്ധു വീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കണം. പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചു. 40 മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തീരത്ത്  പ്രത്യേക ജാഗ്രത തുടരാൻ കോസ്റ്റൽ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കടലിലുള്ള മത്സ്യബന്ധനത്തിന് ബോട്ടുകൾ പോകരുത്. മണ്ണെടുപ്പ്, ഖനനം, മണലെടുപ്പ് എന്നിവയും ഒക്ടോബർ 18 വരെ അനുവദനീയമല്ല. നിലവിലെ ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് എഡിഎം റെജി പി ജോസഫ് വിശദീകരിച്ചു.

ജില്ലയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങളുടെ തയ്യാറെടുപ്പും യോഗത്തില്‍ വിലയിരുത്തി. ആർ ഡി ഒ പി എ വിഭൂഷണൻ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, തൃശൂർ റൂറൽ എസ് പി ജി പൂങ്കഴലി, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts