സംസ്ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട്ട് .

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയും കടൽക്ഷോഭവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് ആണ് അലർട്ടിൽ മാറ്റം വരുത്തിയത് .

തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയും കടൽക്ഷോഭവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ഡോ മൃത്യുഞ്ജയ മഹോപത്ര അറിയിച്ചു. നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ തീരത്തെ പ്രഭാവം കുറയുമെന്നും എന്നാലും കനത്ത മഴയുണ്ടാകുമെന്നും ഡോ മൃത്യുഞ്ജയ വ്യക്തമാക്കി .

Related Posts