കരുത്താർജിച്ച് മഴ; 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 27 വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് കേരളത്തിൽ കനത്ത മഴയ്ക്ക് കാരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

Related Posts