സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മലയോര മേഖലയിൽ ജാഗ്രത; ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃത‍ര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുവാനും നിർദേശമുണ്ട്.

പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായി പെയ്യുന്നുണ്ട്. ജില്ലയുടെ കിഴക്കൻ വന മേഖലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാർ കരകവിഞ്ഞ് ഒഴുകുകയാണ്. മൂഴിയർ ,മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും തുറന്നു. ഗുരുനാഥൻ മണ്ണ് ഭാഗത്ത് ഇന്നലെ വൈകിട്ടോടെ മലവെള്ളപ്പാച്ചിൽ ഉണ്ടായെന്നും വിവരമുണ്ട്. മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts