തൃശൂർ ജില്ലയിൽ മഴ ശക്തം; മൂന്ന് വീടുകൾ തകർന്നു
തൃശൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ഗുരുവായൂർ ചാവക്കാട് അന്തിക്കാട് മേഖലയിലായി മൂന്ന് വീടുകൾ തകർന്നു. ഒരുമനയൂർ, പുന്നയൂർക്കുളം അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.