ശബരിമലയിലേക്ക് ഹെലികോപ്റ്റർ; പരസ്യത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തുമെന്ന് കാണിച്ച് പരസ്യം നൽകാൻ ആരാണ് അനുമതി നൽകിയതെന്ന് സ്വകാര്യ കമ്പനിയോട് ഹൈക്കോടതി. പ്രത്യേക സിറ്റിംഗിൽ ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്‍റെ ചോദ്യം. ഹെലികോപ്റ്റർ സർവീസ് നൽകാനോ പരസ്യം നൽകാനോ അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല ഉൾപ്പെടുന്ന പ്രദേശം പ്രത്യേക സുരക്ഷാ മേഖലയായതിനാൽ കമ്പനിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു. പരസ്യത്തിൻമേൽ തുടർനടപടി ഉണ്ടാകില്ലെന്ന് ഹെലി കേരള കമ്പനി കോടതിയെ അറിയിച്ചു. എന്നാൽ പൊലീസ് നടപടി നേരിടണമെന്നായിരുന്നു കോടതിയുടെ മറുപടി. സംഭവം ഗൗരവമേറിയ വിഷയമാണെന്ന നിലപാടാണ് കേന്ദ്രസർക്കാർ കോടതിയിൽ സ്വീകരിച്ചത്. സംരക്ഷിത വനമേഖല ഉൾപ്പെടുന്നതിനാൽ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട് തേടേണ്ടതുണ്ടെന്ന് കേന്ദ്രം പറഞ്ഞു. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.