കേരള സംഗീത നാടക അക്കാദമിക്ക് ചാരുത പകര്‍ന്ന് പൈതൃക മതിലും സിമന്റ് റിലീഫില്‍ തീര്‍ത്ത ശില്പങ്ങളും
തൃശ്ശൂര്‍: ചെമ്പൂക്കാവ് കേരള സംഗീത നാടക അക്കാദമി വഴി കടന്നു പോകുന്ന ആരുടെയും ശ്രദ്ധ കവരുന്നതാണ് അക്കാദമിക്ക് പുതുതായി പണിത പൈതൃക മതിലും മതിലിനെ അലങ്കരിച്ചു കൊണ്ടുള്ള സിമന്റ് റിലീഫില്‍ തീര്‍ത്ത ശില്പങ്ങളും.കേരളത്തിലെ തനതു കലാരൂപങ്ങളും ഉത്സവങ്ങളും സാംസ്‌കാരികകേരളത്തിൻ്റെ മുഖമുദ്രകളുമാണ് അക്കാദമിയുടെ പൈതൃക മതിലില്‍ ശില്പങ്ങളായി രൂപം കൊണ്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറിൻ്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് ഈ മനോഹരമായ പൈതൃക മതിലും സിമന്റ് റിലീഫില്‍ തീര്‍ത്ത ശില്പങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്. നിലവില്‍ മതിലിന്റെയും ഇതുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. 2021 ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച പ്രവൃത്തി ഈ മാര്‍ച്ച് 31 ന് പൂര്‍ത്തീകരിക്കാന്‍ കഴിയും. തിരുവനന്തപുരത്തെ സിഡ്കോയാണ് ഇതിൻ്റെ നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കുന്നത്. 60.73 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇത്.
നാമവശേഷമായ പഴയ മതില്‍ പൊളിച്ചു നീക്കിയാണ് ഏകദേശം 150 മീറ്റര്‍ നീളമുള്ള ഈ പുതിയ മതില്‍ നിര്‍മ്മിച്ചത്. സംഗീത നാടക അക്കാദമിയുടെ റീജ്യണല്‍ തിയേറ്റര്‍ മുതല്‍ ഓഫീസ് വരെയുള്ള ഭൂമിയുടെ അതിരില്‍ ആണ് മതില്‍ പണിതിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 50 പില്ലറില്‍ തീര്‍ത്ത മതിലും, പില്ലറിൻ്റെ ഓരോ കളത്തിലും വ്യത്യസ്ത കലാരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിമന്റ് റിലീഫില്‍ തീര്‍ത്ത ശില്പങ്ങളുമാണ് യഥാര്‍ത്ഥ്യമാക്കിയത്. കൂടാതെ അക്കാദമിയുടെ നാല് ഗേറ്റുകള്‍ പുനര്‍നിര്‍മ്മിക്കുകയും ഗേറ്റിനോട് ചേര്‍ന്നുള്ള ഭാഗം ഇന്റര്‍ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്കാദമിയുടെ പ്രൗഢിക്ക് മോടി കൂട്ടാന്‍ ഉതകുന്നതാണ് ഈ മതിലും സിമന്റ് റിലീഫില്‍ തീര്‍ത്ത ശില്പങ്ങളും