കുന്നംകുളത്തിന് ഹൈടെക് പൊലീസ് സ്റ്റേഷൻ
ആധുനിക സൗകര്യങ്ങളോടു കൂടിയ കുന്നംകുളത്തെ പുതിയ ഹൈടെക് പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായി ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആധുനിക പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ നേതൃത്വം നൽകിയ എ സി മൊയ്തീൻ എം എൽ എ യെ ഓൺലൈനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി
പ്രത്യേകം അഭിനന്ദിച്ചു. പൊലീസിന്റെ സഹായത്തോടെ കുന്നംകുളം നഗരസഭ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് എം എൽ എ പ്രഖ്യാപിച്ചു. നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ തടയാനും സേവനങ്ങൾ ജനങ്ങളിലെത്തിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും എം എൽ എ പറഞ്ഞു. കുന്നംകുളത്ത് സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്ന പദ്ധതി ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്നും ജില്ലയിൽ കുന്നംകുളം സ്പോർട്സിന് പ്രാധാന്യം നൽകുന്ന നഗരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നംകുളം പൊലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം എൽ എ.
7000 ചതുരശ്ര അടിയില്‍ ജനക്ഷേമകരമായി പ്രവര്‍ത്തിക്കാനുതകുന്ന തരത്തിലാണ് പുതിയ പൊലീസ് സ്റ്റേഷൻ രൂപകൽപന ചെയ്തിട്ടുള്ളത്. 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരു നിലകൂടി പണിത് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി ഒരു കോടി രൂപ കൂടി എ സി മൊയ്തീൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി 1.5 കോടി രൂപയാണ് മുന്‍വര്‍ഷങ്ങളിലെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. വടകര ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 2020 സെപ്റ്റംബര്‍ മാസത്തിലായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. തദ്ദേശ സ്വയംഭരണ എൻജിനീയറിംഗ് വിഭാഗമാണ് പ്രവൃത്തിയുടെ മേല്‍നോട്ടം വഹിച്ചത്. പൊലീസ് സംവിധാനത്തിനാവശ്യമായ ആധുനിക സംവിധാനങ്ങള്‍ കൂടാതെ, പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശക മുറി, സ്വീകരണ കേന്ദ്രം, ശിശു സൗഹൃദ മുറികള്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നില കൂടി പൂര്‍ത്തിയാകുന്നതോടെ പൊലീസ് സേനാംഗങ്ങള്‍ക്ക് വിശ്രമത്തിനും വ്യായാമത്തിനും വായനക്കുമുള്ള സൗകര്യങ്ങളും ലിഫ്റ്റും ഇതോടൊപ്പം ചേരും.
കുന്നംകുളം പൊലീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ എസ് ആദിത്യ സ്വാഗതവും എസിപി പി എസ് സിനോജ് നന്ദിയും പറഞ്ഞു. ഡിഐജി എ അക്ബർ ആമുഖ പ്രഭാഷണവും പുരസ്കാര സമർപ്പണവും നടത്തി.മുരളി പെരുനെല്ലി എംഎൽഎ ,നഗരസഭാ ചെയർപേഴ്സൺ സ്മിതാ രവീന്ദ്രൻ , ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ചലച്ചിത്രതാരം വി കെ ശ്രീരാമൻ, കലാ സാംസ്കാരിക പ്രമുഖർ , പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.