കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രത ; 2 ദിവസം റെഡ് അലേർട്ട്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുവരെ 128 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആവശ്യമെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കും. കോഴിക്കോട് താലൂക്കിലെ കൊടിയത്തൂരിൽ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്കും ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റിപ്പാർപ്പിച്ചു. അപകടസാധ്യത കൂടുതലുള്ള പാറത്തോട് ഇളംബിലാശ്ശേരി കോളനിയിൽ നിന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മൈസൂർമല അങ്കണവാടിയിലും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കനത്ത മഴ മൂലം ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വടകര താലൂക്കിലെ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടല്ലൂർ സേവാകേന്ദ്രം, സെന്‍റ് ജോർജ് പാരിഷ് ഹാൾ, പാലൂർ ഗവ. എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ ആളുകളെ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ആവശ്യമെങ്കിൽ മാറിത്താമസിക്കാൻ ജനങ്ങൾ മടിക്കരുതെന്നും വടകര തഹസിൽദാർ കെ കെ പ്രസിൽ പറഞ്ഞു. വളയം വില്ലേജിലെ ചിറ്റാരി ഭാഗത്ത് ഉരുൾപൊട്ടലിൽ സിനിഷ തെങ്ങാലമുട്ടം, ഒ പി കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. ഈ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു.