സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ ചില പരാമർശങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നതുൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്തു. 2020 ഫെബ്രുവരി 8ന് ക്യാമ്പ് കഴിഞ്ഞ് പരാതിക്കാരി ബീച്ചിൽ വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ തന്നെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അതിജീവിത നൽകിയ പരാതിയിൽ 2022 ജൂലൈ 29ന് കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങൾ പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന് നിരീക്ഷിച്ചിരുന്നു.