നിദ ഫാത്തിമയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി; കോടതിയലക്ഷ്യ ഹർജിക്ക് അനുമതി

കൊച്ചി: സൈക്കിൾ പോളോ കേരള ടീം അംഗമായ നിദ ഫാത്തിമ (10) ഭക്ഷ്യവിഷബാധയേറ്റ് ചികിത്സാ പിഴവ് മൂലം മരിച്ച സംഭവം അഭിഭാഷകർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അസോസിയേഷന് അംഗീകാരം ഇല്ലാത്തതിനെ തുടർന്ന് കോടതി ഉത്തരവ് ലഭിച്ച സംഘത്തിന് ദേശീയ ഫെഡറേഷൻ അംഗീകരിക്കാത്തതിനാൽ താമസവും ഭക്ഷണവും നൽകിയില്ലെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. സംഭവത്തിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി അഭിഭാഷകർക്ക് അനുമതി നൽകി. അഭിഭാഷകരുടെ ഹർജി ജസ്റ്റിസ് വി.ജി അരുണ്‍ ഉച്ചയ്ക്ക് പരിഗണിക്കും. ആലപ്പുഴ കാക്കാഴം പുറക്കാടൻ സുഹ്റ മൻസിൽ ശിഹാബുദ്ദീന്‍റെ മകൾ നിദ ഫാത്തിമയാണ് മരിച്ചത്. നിരവധി തവണ ഛർദ്ദിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടി മരുന്ന് കുത്തിവച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മത്സരത്തിനായി കോടതി ഉത്തരവ് തേടി നാഗ്പൂരിലെത്തിയ കേരള ടീം അംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കാത്തതിനാൽ ബിഎംഎസ് ഓഫീസിൽ താമസിക്കുകയായിരുന്നു. ഗ്രൂപ്പിലെ 29 അംഗങ്ങളും ഒരേ ഭക്ഷണം കഴിച്ചെങ്കിലും നിദയ്ക്ക് മാത്രമാണ് ഛർദ്ദി അനുഭവപ്പെട്ടത്.

Related Posts