ഹിജാബ് വിഷയത്തിൽ ഹൈക്കോടതി വിധി ഇന്ന്; സുരക്ഷ ശക്തമാക്കി കർണാടക സർക്കാർ
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ മുതൽ സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധങ്ങൾ പൊതു സമാധാനത്തിനും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്നതിനാൽ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്ത് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കൽബുർഗി ജില്ലാ ഭരണകൂടം ഇന്നലെ രാത്രി 8 മുതൽ മാർച്ച് 19 രാവിലെ 8 വരെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം പെൺകുട്ടികൾ സമർപിച്ച ഹർജികൾ ഫെബ്രുവരി 9-ന് രൂപീകരിച്ച ഹൈക്കോടതി ബെഞ്ചാണ് പരിഗണിക്കുന്നത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ഡിസംബർ 28-ന് ഉഡുപ്പിയിലെ പെൺകുട്ടികൾക്കുള്ള പ്രീ-യൂണിവേഴ്സിറ്റി കോളെജിൽ പ്രവേശനം നിഷേധിച്ച സംഭവം വ്യാപകമായ പ്രതിഷേധങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടവരുത്തിയിരുന്നു.