മുഖ്യമന്ത്രിക്കെതിരെ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം വേണ്ട ഹൈക്കോടതി
മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വര്‍ണ്ണക്കടത്തുകേസില്‍ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് ഭാരവാഹി അജികൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അജികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. കേസിലെ പ്രധാന പ്രതിയായ സ്വപ്നയ്ക്ക് ജോലി നല്‍കിയ വ്യക്തിയാണ് ഹര്‍ജിക്കാരനായ അജികൃഷ്ണനെന്നും ഹര്‍ജിക്കാരന്റെ താൽപര്യം സംശയകരമാണെന്നും സര്‍ക്കാരിനു വേണ്ടി എ ജി കോടതിയെ അറിയിച്ചിരുന്നു.
പലവിവരങ്ങളും മറച്ചുവെച്ചാണ് അജികൃഷ്ണന്‍ ഹര്‍ജിയുമായി കോടതിയിലെത്തിയത്. മാത്രമല്ല സമാന സ്വഭാവമുള്ള രണ്ട് ഹര്‍ജികള്‍ മുന്‍പ് ഡിവിഷന്‍ബെഞ്ച് തള്ളിയതാണെന്നും എ ജി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയതെന്ന് വാദം കേള്‍ക്കവെ കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. വിശദമായ വാദം കേട്ട കോടതി, ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം ശരിവെക്കുകയായിരുന്നു. ഹര്‍ജിക്കാരന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കോടതി നിരീക്ഷിച്ചു.കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ല. സ്വര്‍ണ്ണക്കടത്തുകേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചിട്ടില്ലെന്നും അജികൃഷ്ണന്‍റെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.