ഭാരത് പെട്രോളിയത്തിലെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്. ബിപിസിഎല്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

പ്രതിരോധം, വ്യോമയാനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവയെല്ലാം പണിമുടക്ക് ഉണ്ടായാല്‍ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജസ്റ്റിസ് അമിത് പി റാവല്‍ വ്യക്തമാക്കി.

തൊഴിലാളിവിരുദ്ധ നയമാണ് കേന്ദ്ര സര്‍ക്കാർ മുന്നോട്ട് വെയ്ക്കുന്നത് എന്ന് ആരോപിച്ചാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

അതിനിടെ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.

Related Posts