ഹൈക്കോടതി സുരക്ഷ ശക്തമാക്കി; ഓൺലൈൻ പാസ് ഇല്ലാതെ ഇനി പ്രവേശനമില്ല

കൊച്ചി: സുരക്ഷ ശക്തമാക്കി ഹൈക്കോടതി. ഓൺലൈൻ പാസില്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. ഹർജിക്കാരൻ ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതി വളപ്പിൽ പ്രവേശിക്കുമ്പോൾ കോടതി ജീവനക്കാർ തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നും കോടതി പറഞ്ഞു. എൻട്രി പോയിന്‍റുകളിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകൾ വഴിയും ഹാജർ രേഖപ്പെടുത്തണം. കോട്ട് ധരിക്കാത്ത അഭിഭാഷകർ തിരിച്ചറിയലിനായി എൻട്രി പോയിന്‍റുകളിൽ തിരിച്ചറിയൽ കാർഡ് കാണിക്കണം. എന്നാൽ അഭിഭാഷകരുടെ വേഷത്തിൽ എത്തുന്നവരെ സംശയം ഉയർന്നാൽ മാത്രം പരിശോധിച്ചാൽ മതിയെന്നും കോടതി നിർദ്ദേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ, അഭിഭാഷക ഗുമസ്തൻമാരും അവരുടെ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

Related Posts