മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് രഹ്നയ്ക്കെതിരെയുള്ള കേസ്. ഗോമാംസം പാചകം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെ സാമുദായിക സംഘർഷം സൃഷ്ടിക്കാൻ പാചക പരിപാടി അവതരിപ്പിച്ചെന്നാരോപിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രൻ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് രഹ്ന ശബരിമല ദർശനം നടത്തിയത് വിവാദമായിരുന്നു. പിന്നീട്, കമ്പനിയുടെ സൽപ്പേരിനെ ബാധിച്ചുവെന്ന് ആരോപിച്ച് ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനും രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന അടിക്കുറിപ്പോടെ രഹ്ന ഫാത്തിമ തന്നെയാണ് തന്‍റെ ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ ശരീരം പ്രദർശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാണിച്ച് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ ജുവനൈൽ ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവും കേസെടുത്തിരിക്കുന്നത്.