ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതം; കേരളത്തിന് മികച്ച നേട്ടം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പ്രവേശനാനുപാതത്തില്‍ മികച്ച നേട്ടവുമായി കേരളം. 18 നും 23 നും ഇടയിൽ പ്രായമുള്ളവരില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നവരുടെ അനുപാതം മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വർധിച്ചു. ദേശീയ ഉന്നതവിദ്യാഭ്യാസ സർവേയിലാണ് കേരളത്തിന്‍റെ വളർച്ച വ്യക്തമാക്കുന്നത്. 2019-2020 സർവേ റിപ്പോർട്ടിൽ കേരളത്തിന്‍റെ അനുപാതം 38.8 ശതമാനമായിരുന്നു. ഇപ്പോഴിത് 43.2 ആണ്. ദേശീയ ശരാശരി 27.1 ൽ നിന്ന് 27.3 ആയി ഉയർന്നു. കഴിഞ്ഞ ദേശീയ സർവേ റിപ്പോർട്ടിൽ ഏറ്റവും മികച്ച ശരാശരിയുള്ള ആദ്യ ആറ് സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളമെങ്കിലും, ഇത്തവണ ഇല്ല. എന്നാൽ ഏറ്റവും കൂടുതൽ കോളേജുകൾ ഉള്ള ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളം. 10 വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥി പ്രവേശന അനുപാതം 75 ശതമാനമായി ഉയർത്താനാണ് കേരളം ലക്ഷ്യമിടുന്നത്. ശ്യാം ബി. മേനോന്‍റെ നേതൃത്വത്തിലുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നു.

Related Posts