ഹിന്ദി-തമിഴ് ഭാഷാ വിവാദം; ജീവനക്കാരിയെ ആദ്യം പുറത്താക്കി, പിന്നീട് തിരിച്ചെടുത്ത് സൊമാറ്റോ
ഹിന്ദി-തമിഴ് ഭാഷാ വിവാദത്തിൽ അകപ്പെട്ട് ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ. തമിഴ്നാട്ടിലാണ് സംഭവം. ആപ്പിലൂടെ ഓർഡർ ചെയ്ത ഭക്ഷണം കിട്ടാതെ വന്നതോടെ പണം തിരികെ കിട്ടാൻ കസ്റ്റമർ കെയറിൽ പരാതിപ്പെട്ട ഉപഭോക്താവിനോടാണ് കസ്റ്റമർ കെയർ ജീവനക്കാരി തനിക്ക് തമിഴ് അറിയില്ലെന്നും ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലേ, അതിനാൽ അൽപ്പം ഹിന്ദി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ എന്നും പരിഹാസ രൂപേണ ചാറ്റ് ചെയ്തു. ചാറ്റിന്റെ സ്ക്രീൻ ഷോട്ട് കസ്റ്റമർ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. സൊമാറ്റോ പോലുള്ള സ്ഥാപനങ്ങൾ തമിഴ് അറിയാത്തവരെ തമിഴ്നാട്ടിൽ കസ്റ്റമർ കെയറിൽ ജോലി ചെയ്യിക്കുന്നതിനെ വിമർശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തുവന്നത്. സൊമാറ്റോയുടെ 'ഹിന്ദി ഇംപോസിഷൻ' അംഗീകരിക്കാൻ ആവില്ലെന്നും അതിനെ ബഹിഷ്കരിക്കണമെന്നും ആഹ്വാനങ്ങൾ ഉയർന്നു.
ഡിഎംകെ എം പി കനിമൊഴിയുടെ ട്വീറ്റോടെ സംഭവം ദേശീയ തലത്തിൽ ചർച്ചയായി. കമ്പനികളുടെ കസ്റ്റമർ കെയറിൽ പ്രാദേശിക ഭാഷകൾ അറിയുന്നവരെ നിയോഗിക്കണമെന്ന ആവശ്യമാണ് കനിമൊഴി ഉന്നയിച്ചത്. എല്ലാവരും ഹിന്ദിയും ഇംഗ്ലിഷും അറിഞ്ഞിരിക്കണം എന്ന് നിർബന്ധിക്കാനാവില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
അതോടെ പ്രാദേശിക ഭാഷകളെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും വ്യത്യസ്ത സംസ്കാരങ്ങളെ അംഗീകരിക്കാൻ കഴിയാത്തവർ ജോലിയിൽ തുടരുന്നത് അനുവദിക്കാനാവില്ലെന്നും പ്രസ്താവനയിറക്കി ജീവനക്കാരിയെ പുറത്താക്കുകയാണ് സൊമാറ്റോ ചെയ്തത്. എന്നാൽ വ്യത്യസ്തങ്ങളായ ഭാഷകളെയും സംസ്കാരങ്ങളെയും പറ്റി അവബോധം പകർന്നുനൽകി പെരുമാറ്റത്തിൽ തിരുത്തൽ വരുത്തുന്നതിനു പകരം ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടിയെ രൂക്ഷമായി വിമർശിച്ച് ആളുകൾ രംഗത്തെത്തി. അതോടെ തീരുമാനം പിൻവലിക്കാനും ജീവനക്കാരിയെ തിരിച്ചെടുക്കാനും കമ്പനി നിർബന്ധിതമാവുകയായിരുന്നു. തമിഴ് ഭാഷയിലുള്ള ആപ്പ് ഉടനടി പുറത്തിറക്കുമെന്നും കോയമ്പത്തൂരിൽ ഒരു കസ്റ്റമർ കെയർ സെന്റർ സ്ഥാപിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്