പാർക്കിന് സ്റ്റാൻ സ്വാമിയുടെ പേരിടാൻ സെന്റ അലോഷ്യസ് കോളെജ്, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകൾ
മംഗളൂരുവിലെ പ്രസിദ്ധമായ സെന്റ അലോഷ്യസ് കോളെജ് കാമ്പസിലുള്ള പാർക്കിന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ആക്റ്റിവിസ്റ്റുമായിരുന്ന സ്റ്റാൻ സ്വാമിയുടെ പേരു നൽകാനുള്ള നീക്കത്തിനെതിരെ ഹിന്ദു സംഘടനകൾ. എന്തു വിലകൊടുത്തും പ്രസ്തുത നീക്കത്തെ ചെറുക്കുമെന്ന് വിഎച്ച്പി, ബജ്രംഗ് ദൾ, എബിവിപി തുടങ്ങിയ സംഘടനകൾ പ്രഖ്യാപിച്ചു.
2021 ജൂലൈ 5 നായിരുന്നു ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ട സ്റ്റാൻ സ്വാമിയുടെ മരണം. ബീരി കാമ്പസിലെ പാർക്കിനാണ് സ്റ്റാൻ സ്വാമിയോടുള്ള ആദരമായി അദ്ദേഹത്തിന്റെ പേരിടാൻ തീരുമാനിച്ചത്. ഇന്ന് നടത്താനിരുന്ന പേരിടൽ കർമം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി നഗരത്തിൽ എത്തുന്നത് കണക്കിലെടുത്താണ് തീയതി മാറ്റിവെച്ചതെന്നാണ് കോളെജ് അധികൃതർ പറയുന്നത്.
ഭീമ കൊറേഗാവ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട വ്യക്തിയുടെ പേര് പാർക്കിന് നൽകുന്നത് അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് ഹിന്ദു സംഘടനകൾ. ഒട്ടേറെ പ്രഗത്ഭരായ പൂർവ വിദ്യാർഥികൾ ഉണ്ടെന്നും പാർക്കിന് മുൻ കേന്ദ്രമന്ത്രിമാരായ ഓസ്കർ ഫെർണാണ്ടസിന്റെ യോ ജോർജ് ഫെർണാണ്ടസിന്റെ യോ പേര് നൽകാമെന്നും സംഘടനകൾ പറയുന്നു. എന്നാൽ ഭീഷണിക്കു വഴങ്ങി തീരുമാനത്തിൽനിന്ന് പിറകോട്ടു പോവില്ലെന്നും രാഷ്ട്രപതിയുടെ സന്ദർശനം മുൻനിർത്തിയുള്ള ക്രമസമാധാന പ്രശ്നങ്ങൾ മൂലമാണ് ചടങ്ങ് മാറ്റിവെച്ചതെന്നും സൗകര്യപ്രദമായ മറ്റൊരുദിവസം മുൻനിശ്ചയിച്ച പ്രകാരം പാർക്കിന് സ്റ്റാൻ സ്വാമിയുടെ പേര് തന്നെ നൽകുമെന്നും കോളെജ് റെക്റ്റർ ഫാദർ മെൽവിൻ പിൻ്റോയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു.