ചരിത്രപ്രസിദ്ധമായ റോട്ടർഡാം പാലം പൊളിക്കുന്നു; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ ആഡംബര കപ്പലിന് വഴിയൊരുക്കാൻ
ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ ചരിത്രപ്രസിദ്ധമായ ഉരുക്ക് പാലം ഭാഗികമായി പൊളിക്കുന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് വേണ്ടി നിർമിച്ച സൂപ്പർ യാച്ചിന് കടന്നുപോകാനുള്ള വഴിയൊരുക്കാനാണ് ചരിത്ര സ്മാരകം ഭാഗികമായി പൊളിച്ചു നീക്കുന്നത്.
1878-ലാണ് റോട്ടർഡാമിലെ പ്രസിദ്ധമായ ഈ ഉരുക്ക് പാലം പണി കഴിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസികൾ ബോംബെറിഞ്ഞ് തകർത്ത പാലം പിന്നീട് പുനർ നിർമിച്ചതാണ്. കോണിംഗ്ഷേവൻ പാലം എന്നാണ് ഇത് അറിയപ്പെടുന്നത്.
430 മില്യൺ യൂറോ (485 മില്യൺ ഡോളർ) ചെലവഴിച്ചാണ് ബെസോസിന്റെ ഭീമാകാരമായ ആഡംബര കപ്പൽ പണി തീർത്തിരിക്കുന്നത്. റോട്ടർഡാമിന് സമീപമുള്ള ആൽബാസെർഡാമിലെ കപ്പൽശാലയിലാണ് മൂന്ന് കൊടിമരങ്ങളുള്ള, ഭീമാകാരമായ കപ്പൽ നിർമിക്കുന്നത്. പാലത്തിന്റെ മധ്യഭാഗം നീക്കം ചെയ്യാനുള്ള അപേക്ഷ കപ്പൽ കമ്പനി ലോക്കൽ കൗൺസിലിന് നൽകിയിട്ടുണ്ട്.