ചരിത്രനേട്ടം; ഇംഗ്ലണ്ടിനെ വീഴ്ത്തി അയർലൻഡ്
മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പർ 12 ൽ ഇംഗ്ലണ്ടിനെതിരെ അയർലൻഡിന് അഞ്ച് റൺസിന്റെ അട്ടിമറി വിജയം. മഴ നിയമത്തിന്‍റെ പിൻബലത്തിലാണ് അയർലൻഡ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് ഓൾഔട്ടായപ്പോൾ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ നിൽക്കെ മഴ മൂലം മത്സരം നിര്‍ത്തിവെച്ചു. മത്സരം തുടരാൻ കഴിയാതെ വന്നതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം അയർലൻഡ് അഞ്ച് റൺസിന് മത്സരം ജയിച്ചു. മഴ കാരണം കളി നിർത്തിവച്ചപ്പോൾ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് ലക്ഷ്യത്തിൽ നിന്ന് അഞ്ച് റൺസ് പിന്നിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് പോൾ സ്റ്റെർലിംഗും ബാൽബിറിനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ സ്റ്റെർലിഗ് (8 പന്തിൽ 14) പുറത്തായ ശേഷം, ബാൽബിറിനും ലോർകാൻ ടക്കറും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ പവർപ്ലേയിൽ അയർലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസിലെത്തി. 10 ഓവർ പിന്നിടുമ്പോൾ അയർലൻഡ് ഒരു വിക്കറ്റിന് 92 റൺസെന്ന നിലയിലായിരുന്നു. എന്നാൽ 12-ാം ഓവറിൽ ടക്കർ (27 പന്തിൽ 34) റണ്ണൗട്ടായി. അടുത്ത ഓവറിൽ മാർക്ക് വുഡ് ടെക്ടറെ(0) പൂജ്യത്തിന് പുറത്താക്കി. 15-ാം ഓവറിൽ അയർലൻഡ് 127-3 എന്ന നിലയിലായിരുന്നെങ്കിലും അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ നഷ്ടമായി. 16-ാം ഓവറിൽ ലിയാം ലിവിംഗ്സ്റ്റൺ ബാൽബിറിനെ (47 പന്തിൽ 62) പുറത്താക്കി. അതേ ഓവറിൽ തന്നെ ഡോക്‌റെലിനെ ലിവിംഗ്സ്റ്റൺ ഗോള്‍ഡന്‍ ഡക്കാക്കി. തൊട്ടടുത്ത ഓവറിൽ വുഡ്, കാംഫറിനെ(11 പന്തിൽ 17) പുറത്താക്കി. അയർലൻഡിന് അവസാന അഞ്ച് ഓവറിൽ 30 റൺസ് മാത്രമേ നേടാനായുള്ളൂ.