ചരിത്ര വിസ്മയം, സൂര്യനെ 'തൊട്ട് ' നാസ എയർക്രാഫ്റ്റ്; സംഭവിച്ചത് അസാധ്യമെന്ന് ഇതേവരെ മനുഷ്യവംശം കരുതിയത്
അസാധ്യമെന്നോ അസംഭവ്യമെന്നോ നാളിതുവരെ കരുതിയത് യാഥാർഥ്യമായിരിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻ്റ് സ്പേസ് അഡ്മിനിസ്ട്രേഷൻ്റെ (നാസ) ഒരു എയർക്രാഫ്റ്റ് സൂര്യൻ്റെ കൊറോണയിലേക്ക് കടന്നു ചെന്നിരിക്കുന്നു. സോളാർ സയൻസിനും മനുഷ്യവംശത്തിനാകെയുമുളള വലിയൊരു കുതിച്ചു ചാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സൂര്യൻ്റെ വാതക നിബദ്ധമായ ബാഹ്യാന്തരീക്ഷമാണ് കൊറോണ. 2 മില്യൺ ഡിഗ്രി ഫാരൻ ഹീറ്റാണ് കൊറോണയിലെ ഊഷ്മാവ്.
പാർക്കർ സോളാർ പ്രോബ് എന്ന പേരിലുള്ള റോക്കറ്റ്ഷിപ്പാണ് സൂര്യന്റെ അന്തരീക്ഷത്തിലൂടെ കൊറോണയിലേക്ക് വിജയകരമായി പ്രവേശിച്ചത്. നക്ഷത്രത്തിന്റെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്ന കണങ്ങളുടെയും കാന്തികക്ഷേത്രങ്ങളുടെയും സാമ്പിൾ പ്രോബ് പരിശോധിച്ചു.
ഹാർവാർഡ് ആൻഡ് സ്മിത്‌സോണിയൻ (സിഎഫ്‌എ) സെന്റർ ഫോർ അസ്‌ട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും കൂട്ടായ്മയാണ് ഈ ചരിത്ര നിമിഷത്തിന് ചുക്കാൻ പിടിച്ചത്. സോളാർ പ്രോബ് കപ്പ് എന്ന ഉപകരണം ഇവർ വികസിപ്പിച്ചിരുന്നു. സൂര്യന്റെ അന്തരീക്ഷത്തിൽ നിന്ന് കണികകൾ ശേഖരിക്കുന്ന ഉപകരണമാണ് കപ്പ്. ബഹിരാകാശ പേടകം യഥാർഥത്തിൽ കൊറോണയിലേക്ക് പ്രവേശിച്ച വിവരം സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതാണ് സോളാർ പ്രോബ് കപ്പ്.
കപ്പ് ശേഖരിച്ച ഡാറ്റ അനുസരിച്ച്, പേടകം കഴിഞ്ഞ ഏപ്രിൽ 28-ന് മൂന്ന് തവണ കൊറോണയിൽ പ്രവേശിച്ചു. ഒരു ഘട്ടത്തിൽ അഞ്ച് മണിക്കൂർ വരെ അവിടെ ചെലവഴിച്ചിട്ടുണ്ട്. ടങ്സ്റ്റൺ, നിയോബിയം, മോളിബ്ഡിനം, സഫയർ തുടങ്ങിയ ഉയർന്ന ദ്രവണാങ്കങ്ങളുള്ള വസ്തുക്കൾ കൊണ്ടാണ് ഉപകരണം നിർമിച്ചിരിക്കുന്നത്.