എച്ച് എൽ എൽ സ്വകാര്യ മേഖലയ്ക്ക് കൈമാറരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി

പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയർ സ്വകാര്യമേഖലയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാറിൻ്റെ ഉടമസ്ഥതയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിർത്താനുള്ള അവകാശം കേരളത്തിനുണ്ട്. എച്ച് എൽ എലിൻ്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നൽകുകയോ അല്ലെങ്കിൽ അതിൻ്റെ ലേല നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച് എൽ എൽ ഏറ്റെടുക്കുന്നതിനായി ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് അതിൽ നിന്നും വിലക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എച്ച് എൽ എൽ ലൈഫ് കെയർ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാഥമിക വിവര പട്ടികയും ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ആഗോള തലത്തിൽ സമർപ്പിച്ച ക്ഷണവും പ്രകാരം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും, കേന്ദ്രസർക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കോ 51 ശതമാനമോ അതിൽ കൂടുതൽ ഓഹരിയുള്ള സഹകരണ സംഘങ്ങൾക്കും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. സംസ്ഥാനങ്ങൾക്കോ സംസ്ഥാനങ്ങൾക്ക് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

നിലവിൽ വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച് എൽ എൽ സ്വകാര്യ മേഖലയിൽ മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്ന കേന്ദ്ര സർക്കാരിൻ്റെ പിടിവാശി സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങളെ അപ്രസക്തമാക്കുന്നതായി പിണറായി കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് ഭരണഘടനാനുസൃതമായി സംസ്ഥാന സർക്കാരുകൾക്കുണ്ട് എന്നത് കേന്ദ്ര സർക്കാർ മറന്നിരിക്കുന്നു.

Related Posts