ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറയിലേയ്ക്ക് ഒഴിവുദിന വിനോദസഞ്ചാര യാത്ര
ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറയിലേയ്ക്ക് ഒഴിവുദിന വിനോദസഞ്ചാര യാത്ര ആരംഭിച്ചു. ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ നിന്നും മലക്കപ്പാറയിലേയ്ക്ക് ആരംഭിക്കുന്ന ഒഴിവുദിന വിനോദ സഞ്ചാര യാത്രയുടെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ചുരുങ്ങിയ ചെലവിൽ അവധി ദിനം ആഘോഷകരമാക്കുക എന്ന ആശയം മുൻനിർത്തിയാണ് കെഎസ്ആർടിസി ഈ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളതെന്നും ഇതോടൊപ്പം ഷോപ്പിംങ്ങ് സെന്ററുകൾ, പെട്രോൾ പമ്പുകൾ എന്നിവയല്ലാം ആരംഭിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധി മൂലം ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ നിന്നും താൽക്കാലികമായി നിർത്തി വച്ചിരുന്ന തിരുവനന്തപുരം, കോട്ടയം സർവ്വീസുകൾ ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നതാണെന്നും നവംബർ മുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതിന് വേണ്ട നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ഞായറാഴ്ച്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള ബസ് സർവ്വീസ് ഉള്ളത്. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ 7 മണിക്ക് യാത്ര ആരംഭിച്ച് അന്നേ ദിവസം വൈകീട്ട് 7 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാ സമയം ക്രമീകരിച്ചിട്ടുള്ളത്. 7 മണിക്ക് പുറപ്പെടുന്ന ബസിൻ്റെ ബോർഡിംഗ് സമയം കാലത്ത് 6.30നാണ്. ഒരു യാത്രക്കാരന് 250 രൂപയാണ് യാത്രാ നിരക്ക്. ഒരു സീറ്റിന് 10 രൂപ നിരക്കിൽ ഡിപ്പോയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സീറ്റ് റിസർവ്വ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഞായറാഴ്ച്ച ദിവസങ്ങളിൽ രണ്ട് ബസുകളും മറ്റ് പൊതുഅവധി ദിവസങ്ങളിൽ ഒരു ബസ് വീതവുമാണ് സർവ്വീസ് നടത്തുക. യാത്രക്കായി വാഹനങ്ങളിൽ വരുന്നവർക്ക് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ സൗജന്യ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ചാലക്കുടി എടിഒ ടി കെ സന്തോഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അമ്പിളി ജയൻ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ, എന്നിവർ ആശംസകൾ നേർന്നു.