ഹിന്ദിസിനിമ മാത്രം കണ്ടിരുന്നവർ മലയാളവും കാണാൻ തുടങ്ങി, ലോക്ഡൗൺ കാലം പ്രേക്ഷകരെ 'സിനിമാ സാക്ഷരത' ഉള്ളവരായി മാറ്റിയെന്ന് അനുരാഗ് ബസു.
കൊവിഡിനെയും ലോക്ഡൗണിനെയും തുടർന്നുള്ള പ്രതിസന്ധികാലത്ത് ഇന്ത്യൻ സിനിമയിൽ നല്ല മാറ്റങ്ങൾ സംഭവിച്ചതായി ബോളിവുഡ് സംവിധായകൻ.ലോക്ഡൗൺ കാലത്ത് ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകർ സിനിമാ സാക്ഷരതയുള്ളവരായി മാറിയെന്നാണ് പ്രസിദ്ധ ബോളിവുഡ് സംവിധായകൻ അനുരാഗ് ബസുവിൻ്റെ അഭിപ്രായം.
ഊർവശീ ശാപം ഉപകാരം എന്നു പറയുന്നതു പോലെയാണ് അത് സംഭവിച്ചത്. പത്ത് വർഷമെടുത്താൽ സംഭവിക്കാത്ത മാറ്റങ്ങൾ രണ്ട് വർഷത്തിനുള്ളിൽ സംഭവിച്ചു കഴിഞ്ഞു. പ്രേക്ഷകർ ഇന്ന് എല്ലാത്തരം സിനിമകളും കാണുന്നുണ്ട്. പ്രാദേശിക സിനിമകൾക്ക് വലിയ തോതിലുള്ള സ്വീകാര്യത കൈവന്നു. ഹിന്ദി സിനിമകൾ മാത്രം കണ്ടിരുന്നവർ ഇപ്പോൾ മലയാളം, ബംഗാളി സിനിമകളും കാണാൻ തുടങ്ങി.
ഈ മാറ്റം സ്വാഗതാർഹമാണെന്ന് സംവിധായകൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി നാമെല്ലാം ഡിജിറ്റൽ ലോകത്താണ്. വീട്ടിലിരിക്കാൻ നിർബന്ധിതരായപ്പോൾ പ്രേക്ഷകർ എല്ലാത്തരം സിനിമകളും കാണാൻ തുടങ്ങി. ഒ ടി ടി വന്നപ്പോൾ പ്രാദേശിക സിനിമകളെപ്പറ്റി അവർ കൂടുതൽ അവബോധമുള്ളവരായി.
എല്ലാ തരത്തിലുമുള്ള മികച്ച 'കണ്ടൻ്റുകൾ' കാണാനുള്ള അവസരമാണ് ഒ ടി ടി തുറന്നു തന്നതെന്ന് അനുരാഗ് ബസു അഭിപ്രായപ്പെട്ടു. പുതിയ തരം സിനിമകളെ പറ്റിയുള്ള സംവിധായകരുടെ മനോഭാവത്തിലും ഇത്തരം മാറ്റങ്ങൾ പ്രതിഫലിക്കുന്നുണ്ട്.
ഇഷ്ടപ്പെട്ട സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ന് സംവിധായകർക്കുണ്ട്. ഒ ടി ടി പ്രദർശനം തീർച്ചയായും തിയേറ്ററുകളിലെ പ്രദർശനത്തെയും സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ് അനുരാഗ് ബസു. 'ലൈഫ് ഇൻ എ മെട്രോ', 'കൈറ്റ്സ് ', 'ഗാങ്സ്റ്റർ', 'മർഡർ', 'ബർഫി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം 'ലുഡോ' ആണ്.