വാവാ സുരേഷിന് സുരക്ഷിത ഭവനം; കുടുംബത്തിന്‍റെ ഇഷ്ടാനുസരണം വീട് നിര്‍മിക്കും

തിരുവനന്തപുരം: വാവാ സുരേഷിന് വീട് നിർമിച്ചു നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി എൻ വാസവൻ, എം എൽ എ കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. എല്ലാ ക്രമീകരണങ്ങളും ഒരുക്കി നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങളെന്നും കിട്ടിയ പുരസ്കാരങ്ങൾ പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീടാണിതെന്നും കണ്ടപ്പോൾ വിഷമം തോന്നിയെന്നും സുരേഷിന്റെ വീട് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.'സുരേഷിന്റെ പ്രവൃത്തികൾ തുടരാൻ വേണ്ടിയാണ് വീടിന്റെ കാര്യത്തിൽ ഞങ്ങൾ ഇടപെടുന്നത്. സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീടാകും നിർമിക്കുക. വീടിന്റെ നിർമാണം ഒരുദിവസം പോലും നിർത്തിവെക്കില്ലെന്നും മന്ത്രി പറഞ്ഞു.

വാവാ സുരേഷ് ആശുപത്രിയിൽ കിടന്ന സമയത്താണ് വീടിന്റെ ദയനീയമായ അവസ്ഥ ശ്രദ്ധയിൽ പെട്ടത്. ബോധം വന്ന സമയത്ത് വീട് നിർമിച്ചു നൽകാനുള്ള സന്നദ്ധത അറിയിക്കുകയും അത് സുരേഷ് സമ്മതിക്കുകയുമായിരുന്നു' - മന്ത്രി വാസവൻ വെളിപ്പെടുത്തി.അടുത്ത ദിവസം എഞ്ചിനീയർ എത്തി വാവാ സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് പ്ലാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൽ സൊസൈറ്റിയാണ് വീട് നിർമിച്ച് നൽകുക.

വാവ സുരേഷ് മൃഗസ്നേഹിയും മനുഷ്യസ്നേഹിയുമാണ്, അത് വിമർശകർ കാണാതെ പോകുന്നു, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും കൺമുന്നിൽ ബോധ്യമാകുന്നവയാണ്. അത്തരം കാര്യങ്ങളെ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. നന്മ ആരു ചെയ്താലും അതിനെ ഒന്നായി കാണാൻ ശ്രമിക്കണം. വാവാ സുരേഷിനെ വിളിക്കരുത് എന്ന് പറയുന്ന ഉദ്യോഗസ്ഥർക്ക് കുശുമ്പാണെന്നും മന്ത്രി പറഞ്ഞു.

പാമ്പിനെ സുരേഷ് വിളിക്കുന്നത് അതിഥിയെന്നാണ്. അങ്ങനെ പിടിക്കുന്നവയെ അദ്ദേഹം വനത്തിലാണ് കൊണ്ടുവിടുന്നത്. പ്രകൃതി സ്നേഹിയാണ് അദ്ദേഹം. അതുകൊണ്ട് ഒരാൾ നന്മ ചെയ്താൽ അതിനെ എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഫോറസ്റ്റുകാർ പലപ്പോഴും പറയുന്ന സമയത്ത് വരാറില്ല. വന്നാൽ തന്നെ കൃത്യമായി പിടിച്ച് വനത്തിൽ കൊണ്ടുപോകുന്നുവെന്നതിനെന്താണ് ഉറപ്പ്. അദ്ദേഹം ആശുപത്രിയിൽ ഉണ്ടായിരുന്ന സമയത്ത് ആയിരക്കണക്കിന് ഫോൺകോളുകളാണ് എനിക്ക് വന്നത്. അദ്ദേഹത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തിയെ ഇഷ്ടപ്പെടാത്തവർ പറയുന്ന വർത്തമാനമായി മാത്രം അതിനെ കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.

Related Posts