വിദ്യാഭ്യാസമില്ലാത്തവർ രാജ്യത്തിന് ഭാരമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ; നിരക്ഷരർക്ക് നല്ല പൗരന്മാരാകാൻ കഴിയില്ല
വിദ്യാഭ്യാസമില്ലാത്തവർ രാജ്യത്തിന് ഭാരമാണെന്നും നിരക്ഷരർക്ക് നല്ല പൗരന്മാരാകാൻ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ അമിത്ഷാ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരുപത് വർഷത്തെ പൊതുജീവിതവുമായി ബന്ധപ്പെട്ട് 'സൻസദ് ' ടി വി ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യാഭ്യാസമില്ലാത്തവരെയും നിരക്ഷരരെയും അപഹസിക്കുന്ന തരത്തിലുള്ള വിവാദ പരാമർശങ്ങൾ അമിത്ഷാ നടത്തിയിരിക്കുന്നത്.
"നിരക്ഷരനായ വ്യക്തി രാജ്യത്തിന് ഭാരമാണ്. അത്തരക്കാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെപ്പറ്റി അറിവില്ല. അവരിൽ അർപ്പിക്കപ്പെട്ട കടമകളെക്കുറിച്ചും അവർക്ക് അറിവില്ല. അത്തരം ഒരു വ്യക്തി എങ്ങനെയാണ് ഒരു നല്ല പൗരനാകുന്നത്?" എന്നാണ് അഭിമുഖത്തിൽ അമിത്ഷാ തുറന്നടിക്കുന്നത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കായിരുന്നു ഏറ്റവും വലിയ പ്രശ്നമായി കണ്ടെത്തിയതെന്ന് അമിത്ഷാ പറഞ്ഞു. കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുന്ന പ്രക്രിയ ഒരു ഉത്സവം പോലെയാണ് ഗുജറാത്തിൽ നടപ്പിലാക്കിയത്. അതുവഴി നൂറ് ശതമാനം എൻറോൾമെന്റ് നടത്തിയെടുത്തു. ഒരു വിദ്യാർഥി പോലും സ്കൂളിൽ എത്താതിരുന്നാൽ അതേപ്പറ്റി അധ്യാപകർ എല്ലാവരുമായി കൂടിയാലോചന നടത്തി. അത്തരക്കാരെ സ്കൂളിൽ എത്തിക്കേണ്ട ഉത്തരവാദിത്തം ആർക്കെന്ന് നിശ്ചയിച്ചു. 37 ശതമാനം ഉണ്ടായിരുന്ന കൊഴിഞ്ഞുപോക്ക് നിരക്ക് ഒരു ശതമാനത്തിൽ എത്തിക്കാൻ കഴിഞ്ഞു.
നരേന്ദ്രമോദി ഒരു ജനാധിപത്യ നേതാവാണെന്ന് അമിത്ഷാ പറഞ്ഞു. ഇത്രയേറെ ജനാധിപത്യപരമായി പ്രവർത്തിച്ച ഒരു കേന്ദ്രമന്ത്രിസഭ ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. നരേന്ദ്രമോദി ഏകാധിപതിയാണെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.