കോടതിമുറിയിലെ ഗുണ്ടാവിളയാട്ടം, കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ
രാജ്യ തലസ്ഥാനത്തെ കോടതിമുറിയിൽ ഗുണ്ടാസംഘങ്ങൾ നടത്തിയ അക്രമ സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ജിതേന്ദർ മൻ ഗോഗി-തില്ലു താജ്പുരി ഗുണ്ടാ സംഘങ്ങൾ വടക്കു പടിഞ്ഞാറൻ ഡൽഹിയിലുള്ള രോഹിണിയിലെ കോടതിമുറിയിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. അതിസുരക്ഷാ മേഖലയിൽ നടന്ന ഞെട്ടിക്കുന്ന അക്രമ സംഭവങ്ങൾ കോടതികളുടെ സുരക്ഷയെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. കോടതിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടാക്കാത്ത വിധത്തിലുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പൊലീസുമായും ബാർ അസോസിയേഷനുമായും ചർച്ച നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു. കോടതികളുടെയും നീതിന്യായ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും സുരക്ഷയെ ചൊല്ലി വലിയ തോതിലുള്ള ആശങ്കകൾ നിലവിലുണ്ട്. കഴിഞ്ഞ മാസമാണ് ജാർഖണ്ഡിലെ ജില്ലാ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ച് അക്രമികൾ കൊലപ്പെടുത്തിയത്.
അഭിഭാഷക വേഷത്തിലെത്തിയ അക്രമികൾ മൂന്നു തവണയാണ് ഗുണ്ടാത്തലവൻ ജിതേന്ദർ ഗോഗിക്കുനേരെ വെടിയുതിർത്തത്. ഗോഗിക്ക് അകമ്പടി സേവിച്ചുള്ള സ്പെഷ്യൽ ഫോഴ്സിൻ്റെ തിരിച്ചുള്ള വെടിവെപ്പിലാണ് രണ്ട് അക്രമികളും കൊല്ലപ്പെട്ടത്.
ആയുധങ്ങളുമായി അക്രമികൾ കോടതിമുറിക്കുളളിൽ കടന്നതിൽ പൊലീസിനു നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ബാറിനും തുല്യ ഉത്തരവാദിത്തമുണ്ട് എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സുരക്ഷയുടെ പേരിലുളള നിരന്തരമായ ദേഹപരിശോധനയെ ചൊല്ലി പൊലീസും അഭിഭാഷകരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും പതിവായിരുന്നു. പാർക്കിങ്ങ് സ്ഥലത്തെ ചൊല്ലി ഇരുകൂട്ടർക്കും ഇടയിലുണ്ടായ തർക്കങ്ങൾ കയ്യാങ്കളിയിൽ വരെ എത്തിയിരുന്നു. പൊലീസ് വാഹനങ്ങൾ അഭിഭാഷകർ തീയിട്ടു നശിപ്പിച്ചപ്പോൾ അഭിഭാഷക ചേംബറിൽ കയറി പൊലീസുകാർ അക്രമങ്ങൾ നടത്തിയിരുന്നു.
നിരന്തരമായ കലഹങ്ങൾക്കു പിന്നാലെ ദേഹപരിശോധനയിൽ അയവ് വരുത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് ശമനമുണ്ടായത്. സുരക്ഷാ കാര്യത്തിലെ അയവും അലംഭാവവും മുതലെടുത്തു കൊണ്ടാണ് അക്രമികൾക്ക് ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ കോടതി മുറിക്കുള്ളിലേക്ക് അഭിഭാഷക വേഷത്തിൽ പ്രവേശിക്കാനായതും അക്രമങ്ങൾ നടത്താനായതും. എന്തായാലും ഡൽഹിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ രാജ്യമെങ്ങുമുള്ള കോടതികളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഉയർത്തുകയാണ്.