കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ്; കാണികളുടെ മനം കവർന്ന് ഹോപ് ക്ലൗൺസ്
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി അങ്കണത്തിൽ ഹോപ്പ് ഫെസ്റ്റ് കാണാൻ വരുന്നവരിൽ കൗതുകവും ചിരിയും പടർത്തി ഹോപ് ക്ലൗൺസ് മേളയിലെ താരങ്ങളാവുകയാണ്. കാണികളായി എത്തുന്നവർക്ക് ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്കുള്ള വഴികാട്ടിയും അവരിൽ ചിരിയുണർത്തുകയുമാണ് ഹോപ് ക്ലൗൺസ് ചെയ്യുന്നത്. പ്രത്യേക രീതിയിൽ വസ്ത്രധാരണം ചെയ്തും പ്രത്യേക ശരീരഭാഷയിലൂടെയും കാണികളുമായി സംവദിക്കുന്ന ഇവർ മേളയുടെ മനം കവർന്നത് വളരെ പെട്ടെന്നാണ്. മേളയിൽ എത്തുന്നവരിലേക്ക് ചിരിക്കു പുറമേ സ്നേഹത്തിന്റെ സന്ദേശം കൈമാറുകയെന്ന ദൗത്യം കൂടിയാണ് ഹോപ് ക്ലൗൺസ് നിർവഹിക്കുന്നത്. ഹോപ് ക്ലൗൺസായി കാണികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നത് ഗാർഗി അനന്തൻ, അതുൽ എം, അജയ് ഉദയൻ എന്നിവരാണ്.