സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യവുമായി പുതുക്കാട് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്‍റര്‍.

ആര്‍ദ്രം മിഷന്‍റെ ധനസഹായവും പുതുക്കാട് മുന്‍ എം എല്‍ എ പ്രൊഫ സി രവീന്ദ്രനാഥ് അനുവദിച്ച തുകയും ഉള്‍പ്പെടെ 1.3 കോടി രൂപ ചെലവിലാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ യൂണിറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പുതുക്കാട്:

സ്വകാര്യ ആശുപത്രികളോട് കിടപിടിക്കാന്‍ ഉതകുന്ന അത്യാധുനിക ഡയാലിസിസ് സ്പെഷ്യാലിറ്റി സൗകര്യങ്ങളുമായി ഒരു ഗവ ആശുപത്രി. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് എല്ലാ വിധ അത്യാധുനിക മെഷീനുകളുമായി ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരാഴ്ചയില്‍ 24 ഡയാലിസിസുകളാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്.

പുതുക്കാട് താലൂക്ക് ആശുപത്രിയുടെ ഒന്നാം നിലയിലാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. ആര്‍ദ്രം മിഷന്‍റെ ധനസഹായവും പുതുക്കാട് മുന്‍ എം എല്‍ എ പ്രൊഫ സി രവീന്ദ്രനാഥ് അനുവദിച്ച തുകയും ഉള്‍പ്പെടെ 1.3 കോടി രൂപ ചെലവിലാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ യൂണിറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ 67 ലക്ഷം രൂപ വിലവരുന്ന മെഷീനറികള്‍ ഉള്‍പ്പെടുന്നു. ഡയാലിസിസിന് ഉപയോഗിക്കുന്ന ഡയാലസെറ്റ് ഫ്ളൂയിഡ് ബയോ കാര്‍ബണേറ്റുമായി മിക്സ് ചെയ്യാന്‍ ബയോ കാര്‍ബണേറ്റ് മിക്സ്ചര്‍, ഡയാലിസിസിന് ആവശ്യമായ ജലം എല്ലാ മാലിന്യങ്ങളും ഒഴിവാക്കി ഏറ്റവും ശുദ്ധമാക്കി മാറ്റുന്ന ആര്‍ ഒ പ്ലാന്‍റ്, രോഗിയുടെ പള്‍സ്, പ്രഷര്‍, ഇ സി ജി എന്നിവ മോണിറ്റര്‍ ചെയ്യുന്നതിനുള്ള മള്‍ട്ടിപാരാമോണിറ്റര്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ഷോക്ക് നല്‍കേണ്ടി വന്നാല്‍ ഉപയോഗിക്കുന്ന ഡിഫ്രിബ്രില്ലേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നു.

2020 ഒക്ടോബര്‍ 16 നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനില്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. 2021 മാര്‍ച്ച് 9ന് ഒരു രോഗിക്ക് ഡയാലിസിസ് നല്‍കിയാണ് യൂണിറ്റിന്‍റെ പ്രവര്‍ത്തനമാരംഭിച്ചത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന രോഗികളെ ഡി പി എം നിയോഗിച്ച നെഫ്രോളജിസ്റ്റ് വിനോദ് പി ബാബുരാജിന്‍റെയും പുതുക്കാട് ഡയാലിസിസ് യൂണിറ്റിലെ ഡോ നിഖിലയുടെയും നേതൃത്വത്തിലാണ് തിരഞ്ഞെടുക്കുക. നിലവില്‍ നേഫ്രോളജിസ്റ്റിന്‍റെ സേവനം ആഴ്ചയില്‍ രണ്ടു ദിവസം ലഭിച്ചുവരുന്നു. തുടങ്ങിയ സമയത്ത് 8 രോഗികളായിരുന്നു ഡയാലിസിസിന് വന്നിരുന്നത്. നിലവില്‍ 15 രോഗികളുണ്ട്. ദിവസത്തില്‍ അഞ്ചോളം ഡയാലിസിസ് യൂണിറ്റില്‍ നടന്നുവരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ ബെനെവോളന്‍റ് ഫണ്ടും ഉള്‍പ്പെടുത്തിയാണ് ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസും അതിന് ആവശ്യമായ സാധനങ്ങളും (ട്യൂബിങ്സ്, ഇന്‍ജെക്ഷന്‍) മാസ പരിശോധനയും സൗജന്യമായി നല്‍കി വരുന്നത്.

യൂണിറ്റിന്‍റെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ ആഗ്രഹിക്കുന്ന പല സുമനസ്സുകളുടെ സംഭാവനകളും ലഭിച്ചുവരുന്നു. നിലവില്‍ ഒരു നെഫ്രോളജിസ്റ്റ് ഡോക്ടറും രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരും രണ്ട് ഡയാലിസിസ് ടെക്നീഷ്യന്മാരും ഡയാലിസിസ് പരിശീലനം ലഭിച്ച 2 സ്റ്റാഫ് നഴ്സും ഒരു ഗ്രേഡ് 2 ജീവനക്കാരിയും കൂടിയാണ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്.

താലൂക്ക് ഹോസ്പിറ്റലിലെ സൂപ്രണ്ട് ഡോ ബിനോജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിദ്യാധരന്‍ മറ്റ് ഹോസ്പിറ്റല്‍ ജീവനക്കാരുടെയും അകമഴിഞ്ഞ പിന്തുണ യൂണിറ്റിന് ലഭിച്ചു വരുന്നു. പുതുക്കാട് എം എല്‍ എ കെ കെ രാമചന്ദ്രന്‍ യൂണിറ്റ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും യൂണിറ്റിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Related Posts