മഴയ്ക്ക് പിന്നാലെ യു എ ഇ യിൽ കൊടുംചൂട്; താപനില 50 ഡിഗ്രി പിന്നിട്ടു
യുഎഇ: മഴയ്ക്കുശേഷം യുഎഇയില്‍ കൊടുംചൂട്. തുടർച്ചയായ രണ്ടാം ദിവസവും യുഎഇ യുടെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. അൽ ഐനിലെ സ്വയ്ഹാനിലാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം 51.8 ഡിഗ്രി സെൽഷ്യസായിരുന്നു ഈ മേഖലയിൽ താപനില രേഖപ്പെടുത്തിയത്. ഈ വർഷവും താപനില ഇതേ നിലവാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി 45 ഡിഗ്രി സെൽഷ്യസാണ് സ്വയ്ഹാനിലെ ശരാശരി താപനില. ദുബായിലെ പരമാവധി താപനില 42 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി യു.എ.ഇ.യുടെ വടക്കുകിഴക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 56.7 ഡിഗ്രി സെൽഷ്യസാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. 1913-ൽ കാലിഫോർണിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.