ഏഴ് വേദികൾ, അരങ്ങുണർത്താൻ മട്ടന്നൂർ
നാടകോത്സവത്തിന് തിരിതെളിയാൻ മണിക്കൂറുകൾ; ഒരുങ്ങി നഗരം
പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയാനിരിക്കെ നാടും നഗരവും അവസാനവട്ട ഒരുക്കത്തിൽ. ഒന്നിക്കണം മാനവികത എന്ന സങ്കല്പത്തിലൂന്നിയാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെറുനഗരത്തിന്റെ പരിമിതികളുണ്ടെങ്കിലും അതിരുകളില്ലാത്ത മാനവികതയിലൂന്നിയ നാടകാനുഭവം പകരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തുനാൾ നീണ്ടുനിൽക്കുന്ന നാടകോത്സവത്തിന് ഫെബ്രുവരി 5ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേരുടെ മേളത്തോടെ അരങ്ങുണരും. വൈകിട്ട് 5.30ന് പവലിയൻ തിയ്യറ്ററിൽ ഇറ്റ്ഫോക് നാടകോത്സവത്തിന്റെയും മുരളി തിയ്യറ്ററിന്റെയും ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. റവന്യൂ മന്ത്രി കെ രാജൻ ഇറ്റ്ഫോക് ബുള്ളറ്റിൻ സെക്കന്റ് ബെൽ പ്രകാശനം ചെയ്യും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യ കോപ്പി ഏറ്റുവാങ്ങും. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഫെസ്റ്റിവൽ ടീഷർട്ട് പ്രകാശനം ചെയ്യും. ജില്ലാ കലക്ടർ ഹരിത വി കുമാർ ഏറ്റുവാങ്ങും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫെസ്റ്റിവൽ ബാഗ് പ്രകാശനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങും. ടി എൻ പ്രതാപൻ എംപി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. തൃശൂർ മേയർ എം കെ വർഗീസ് പുസ്തകം ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി നടൻ പ്രകാശ് രാജ് പങ്കെടുക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂർ, ബി. അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ, നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ആമുഖപ്രഭാഷണം നടത്തും.
വിവിധ അന്താരാഷ്ട്ര, ദേശീയ ബാൻഡുകളുടെ സംഗീത വിരുന്ന്, ലളിത കലാ അക്കാഡമിയുടെ നേതൃത്വത്തിൽ തയ്യാറായ തെരുവര, കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവൈവിധ്യങ്ങളുടെ മേള, 51 സ്ത്രീകൾക്കായി നടത്തുന്ന അന്താരാഷ്ട്ര നാടക ശില്പശാല, ഓപ്പൺ ഫോറം, ചർച്ചകൾ, കലാപ്രകടനങ്ങൾ തുടങ്ങിയവ നാടകോത്സവത്തിന് മാറ്റേകും.
വാർത്താസമ്മേളനത്തിൽ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, ഫെസ്റ്റിവൽ കോ ഓർഡിനേറ്റർമാരായ ദീപൻ ശിവരാമൻ, വി ശശികുമാർ, വി കെ അനിൽകുമാർ എന്നിവരും പങ്കെടുത്തു.