കല്യാണിക്കുട്ടി ടീച്ചര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ക്കുളം പഞ്ചായത്ത്.

പോര്‍ക്കുളം:

പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കല്യാണിക്കുട്ടി ടീച്ചര്‍ക്ക് വീടെന്ന സ്വപ്നം പൂവണിയുന്നു. അസുഖ ബാധിധരായ 3 മക്കളും ചോര്‍ന്നൊലിക്കുന്ന വീടുമായി ജീവിക്കുന്ന ടീച്ചറുടെ ദുരിതം കണ്ടാണ് പഞ്ചായത്ത് ഭരണസമിതി വീട് പണിയാന്‍ സ്ഥലം കണ്ടെത്തി നല്‍കിയത്. ലോക്ഡൗണില്‍ മുഴു പട്ടിണിയിലായ അക്കിക്കാവ് ചിറളയത്ത് വീട്ടില്‍ 70 വയസ്സുള്ള കല്യാണിക്കുട്ടിയമ്മയും മക്കളും പുറം ലോകമറിയാതെ കഴിച്ചുകൂട്ടുകയായിരുന്നു. കല്യാണിക്കുട്ടിയുടെ ദുരിതപൂര്‍ണമായ ജീവിതം കണ്ട് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് പുതുകുളങ്ങര രാമകൃഷ്ണനും കിഴക്കേപ്പാട്ട് ലക്ഷ്മിയമ്മയുമാണ്.

സൗജന്യമായി ലഭിച്ച സ്ഥലത്ത് ഭവനരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വാസസ്ഥലം കണ്ടെത്തിക്കെകാടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കല്യാണികുട്ടി ടീച്ചര്‍ക്ക് വീടുപണിയുന്നതിന് പഞ്ചായത്ത് ഒരുങ്ങുന്നത്.

സംഗീത അധ്യാപികയായ കല്യാണിക്കുട്ടിയ്ക്ക് കൊവിഡ് സാഹചര്യത്തില്‍ വരുമാനം നിലച്ചതോടെ അസുഖ ബാധിതരായ മക്കളുടെ ചികിത്സയും വഴിമുട്ടി. അടുത്തിടെ മകന് സ്ട്രോക്ക് വന്നതോടെ കുടുംബം ആകെ പ്രതിസന്ധിയിലാവുകയും ചെയ്തു. മഴക്കാലമായതോടെ വീട് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ സമീപവാസികള്‍ ഇവരുടെ ദുരിതജീവിതം പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇവരെ തൊട്ടടുത്ത അങ്കനവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ഇവര്‍ക്ക് സഹായം നല്‍കുന്നത്. 3 സെന്റ് സ്ഥലത്തിന്‍റെ ആധാരം കൈമാറ്റവും വീടിന്റെ നിര്‍മാണരംഭവും ചെറിയൊരു ചടങ്ങായി പഞ്ചായത്ത് നടത്തി.

ചടങ്ങില്‍ എ സി മൊയ്തീന്‍ എം എല്‍ എ, കേരള കലാമണ്ഡലം നിര്‍വാഹക സമിതി അംഗം ടി കെ വാസു, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ രാമകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍, വാര്‍ഡ് മെമ്പര്‍ പി സി കുഞ്ഞന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts