പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകണം; ലക്ഷ്യവുമായി യുവാക്കളുടെ സൈക്കിൾ യാത്ര
വയനാട് : വയനാട് അമ്പലവയൽ സ്വദേശികളായ റെജീഷും, നിജിനും ഒരു യാത്രയിലാണ്. ഇന്ത്യയൊട്ടാകെ സൈക്കിളിൽ സഞ്ചരിച്ച്, അതിലൂടെ ലഭിക്കുന്ന പണം കൊണ്ട് 5 കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക എന്ന വലിയ ലക്ഷ്യമാണ് ഈ യുവാക്കളുടെ യാത്രക്ക് പിന്നിൽ. നിജീഷ് ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനാണ്. റെജീഷ് മൊബൈൽ ഷോപ്പ് നടത്തുന്നു. കാസർകോഡ് താണ്ടി ഇരുവരും കണ്ണൂരിൽ എത്തി. കാസർകോഡിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപ സമാഹരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഈ തുക ഉപയോഗിച്ച് അമ്പലവയലിൽ 20 സെന്റ് സ്ഥലം വാങ്ങി നിർമ്മാണ പ്രവർത്തനവും ആരംഭിച്ചു. ഒന്നര വർഷം കൂടെ ലക്ഷ്യവുമായി യാത്ര ചെയ്യാനാണ് തീരുമാനം. ലഭിക്കുന്നത് ഒരു രൂപയാണെങ്കിൽ പോലും അത് സന്തോഷത്തോടെ സ്വീകരിക്കും. വീട് നിർമ്മിച്ച് നൽകുന്നതോടെ ഇവരുടെ ലക്ഷ്യം അവസാനിക്കുന്നില്ല. ആ കുടുംബത്തിന് തുടർന്ന് ജീവിക്കുന്നതിനായി ചെറുസംരംഭം ആരംഭിക്കുന്നതിനും സഹായിക്കണമെന്നാണ് തീരുമാനം. തങ്ങളുടെ യാത്രയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് നിരവധി ആളുകൾ അരിയും, ആവശ്യ സാധനങ്ങളും മറ്റും നൽകാറുണ്ടെന്നും യുവാക്കൾ പറയുന്നു.