അതിദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ
തിരുവനന്തപുരം: സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതി ദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനായുള്ള ത്രിതല സംവിധാനം പൂർത്തിയായാൽ മാത്രമേ ഭവനരഹിതരുടെ എണ്ണം, പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. ദരിദ്രർക്ക് ഭക്ഷണം നൽകുന്നതടക്കമുള്ളവ ഉൾപ്പെടുത്തി ഉടൻ നടപ്പാക്കേണ്ടവ, ഹ്രസ്വകാലത്തേക്കുള്ളവ, ദീർഘകാലത്തേക്കുള്ളവ എന്നിങ്ങനെയാണ് പദ്ധതി. തെരുവുകളിൽ അലഞ്ഞുതിരിയുന്നവർക്കും ഭവനരഹിതർക്കും പാർപ്പിടം, വീടുകളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഹ്രസ്വകാലപദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂരഹിത ഭവനരഹിതർക്കുള്ള വീടുകൾ ദീർഘകാല പദ്ധതിയിലാണ്. പട്ടികജാതിയിൽ 12,763, പട്ടികവർഗത്തിൽ 3021, മറ്റുവിഭാഗങ്ങളിൽ 47,907, ഏതുവിഭാഗമാണെന്ന് അറിയാത്തവർ 315 എന്നിങ്ങനെയാണ് അതിദരിദ്രരുടെ കണക്ക്. ഓരോ വിഭാഗത്തിലെയും ഭവനരഹിതരുടെ പ്രത്യേക പട്ടിക തയ്യാറാക്കി ഭവന പദ്ധതി നടപ്പാക്കും. നിലവിൽ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം മുതൽ പാവപ്പെട്ടവർക്ക് വീട് നൽകുന്ന കാര്യം പരിഗണിക്കും.