യുഎഇ യിൽ വീണ്ടും ഹൂതി മിസൈൽ ആക്രമണങ്ങൾ; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

ഹൂതികളുടെ രണ്ട് മിസൈൽ ആക്രമണങ്ങൾ തകർത്തതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ മന്ത്രാലയം. ആക്രമണ പദ്ധതി തകർത്തെന്നും ആളപായം ഇല്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തലസ്ഥാനമായ അബുദാബിയിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം ഒരാഴ്ച പിന്നിടുമ്പോഴാണ് മറ്റൊരു ആക്രമണത്തിന് ഹൂതികൾ ഒരുങ്ങിയത്.

ജനുവരി 17-നാണ് വ്യവസായ മേഖലയായ മുസഫയിൽ ഹൂതികൾ ആക്രമണം നടത്തിയത്. മൂന്ന്​ പെട്രോളിയം ടാങ്കുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്​ഫോടനത്തിലും അഗ്​നിബാധയിലും ഇന്ത്യക്കാരടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പഞ്ചാബികൾക്കും ഒരു പാകിസ്താൻ പൗരനുമാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ ആറുപേരിൽ രണ്ട്​ ഇന്ത്യക്കാരുണ്ട്.

കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിൽ ലോക വ്യാപകമായ പ്രതിഷേധം അരങ്ങേറിയിരുന്നു. ഐക്യരാഷ്ട്ര സഭയടക്കം സംഭവത്തെ അപലപിച്ചിരുന്നു. ആക്രമണം ഭീരുത്വമാണെന്നും ഹൂതികൾക്കെതിരെ നടപടി എടുക്കേണ്ട സമയമായെന്നും ലോക നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. സിവിലിയന്മാർക്കും അവരുടെ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്​ട്ര നിയമങ്ങൾ പ്രകാരം നിരോധിക്കപ്പെട്ടതാണെന്ന്​

സംഭവത്തെ അപലപിച്ച യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് കുറ്റപ്പെടുത്തി. ആക്രമണത്തെപ്പറ്റി ചർച്ച ചെയ്യാൻ യു എൻ രക്ഷാസമിതി അടിയന്തരമായി യോഗം വിളിക്കണമെന്ന്​ യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്​.

Related Posts