സേതുപതിയ്ക്ക് പകരം വേദയായി ഹൃത്വിക്; വിക്രം വേദ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു; ചിത്രം വൈറൽ

വിജയ് സേതുപതിയും മാധവനും പ്രധാന വേഷത്തിലെത്തിയ വിക്രം വേദ ചിത്രത്തിൻ്റെ ഹിന്ദി റീ മേക്ക് ഒരുങ്ങുകയാണ്. ചിത്രത്തിൽ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച വേദയുടെ റോളിൽ എത്തുന്നത് ഹൃത്വിക് റോഷനാണ്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഹൃത്വിക്കിൻ്റെ പിറന്നാൾ ദിനത്തിൽ വേദയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. വേദ എന്നു കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു ആള്‍ക്കൂട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ സണ്‍ ഗ്ലാസ് വച്ച് വിയര്‍പ്പും അഴുക്കും പുരണ്ട വസ്ത്രവുമായി നിൽക്കുന്ന ഹൃത്വിക് റോഷനാണ് ഫസ്റ്റ് ലുക്കിലുള്ളത്.
2017 ലാണ് തമിഴ് ചിത്രമായ വിക്രം വേദം റിലീസ് ചെയ്യുന്നത്. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് മാധവന്റെ പൊലീസ് കഥാപാത്രത്തോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി അഭിനയിച്ച വേദ എന്ന കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു. ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.