യുഎഇയിൽ വൻ ലഹരി വേട്ട; 436 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
ദുബായ്: ദുബായിൽ വൻ മയക്കുമരുന്ന് വേട്ട. 436 കിലോ മയക്കുമരുന്നാണ് ദുബായ് പൊലീസ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 280 ചാക്കുകളിലായി 5.6 ടൺ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി ദുബായ് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ പിന്തുടർന്ന് അവരുടെ സങ്കേതത്തിൽ റെയ്ഡ് നടത്തി. 'ഓപ്പറേഷൻ ലെഗ്യൂംസ്' എന്ന് പേരിട്ട ഓപ്പറേഷനിൽ 436 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. മയക്കുമരുന്ന് മണം പിടിച്ച് കണ്ടെത്താൻ കെ-9 യൂണിറ്റിന്‍റെ സഹായവും തേടിയിരുന്നു. മയക്കുമരുന്ന് സംഘാംഗങ്ങളിൽ ചിലർ ദുബായിലും മറ്റുള്ളവർ വിദേശത്തുമാണ് താമസിക്കുന്നത്. പയറുവർഗങ്ങളിൽ മരുന്ന് ഒളിപ്പിച്ച് ഗോഡൗണിൽ സൂക്ഷിക്കാനായിരുന്നു പദ്ധതി. പൊലീസ് നടത്തിയ റെയ്ഡിൽ ഈ ഗോഡൗൺ കണ്ടെത്തി. മയക്കുമരുന്ന് അടങ്ങുന്ന ചരക്ക് അടുത്തുള്ള രാജ്യത്തേക്ക് അയയ്ക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം.