വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; പ്രതിസന്ധിയിലായി യാത്രക്കാർ

കൊച്ചി: വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിലായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രവാസി യാത്രക്കാർ. നാട്ടിലേക്കുളള യാത്രാ നിരക്കിന്റെ അഞ്ചിരട്ടി വരെ നൽകിയാണ് പ്രവാസികൾ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഉയർന്ന ചെലവും വർദ്ധിച്ച ഡിമാൻഡുമാണ് നിലവിലെ നിരക്ക് വർദ്ധനവിന് കാരണമെന്ന് വിമാനക്കമ്പനികൾ വിശദീകരിക്കുന്നു. 2 വർഷം നീണ്ട കോവിഡ് പ്രതിസന്ധി മറികടക്കാൻ വിമാനക്കമ്പനികൾ അവധിക്കാല സർവീസുകൾ ആരംഭിച്ച സാഹചര്യത്തിലാണ് വിമാന നിരക്ക് കുത്തനെ ഉയർത്തുന്നത്. മാർച്ച് അവസാന വാരം മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന ആറ് മാസത്തെ വേനൽക്കാല ഷെഡ്യൂൾ ആരംഭിച്ചതോടെ നിരക്ക് കുത്തനെ ഉയരാൻ തുടങ്ങി. യു എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കും ഇതിനെ വളരെയധികം സ്വാധീനിച്ചു.  തിരുവനന്തപുരത്ത് നിന്ന് കാനഡയിലെ ടൊറന്‍റോയിലേക്കും തിരിച്ചും ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ടൊറന്‍റോയിലേക്കുള്ള എയർ ഇന്ത്യയുടെ ടിക്കറ്റിന് 2,20,700 രൂപയാണ് നിരക്ക്. അതേ ദിവസം ടൊറന്‍റോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 45,350 രൂപ മാത്രമാണുള്ളത്. തിരുവനന്തപുരത്ത് നിന്ന് ന്യൂയോർക്കിലേക്ക് 94,800 രൂപ നൽകണം. തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയ്ക്ക് 38,300 രൂപ മാത്രം നൽകിയാൽ മതി.

Related Posts