കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; 24 മണിക്കൂറിനിടെ 10,158 പേര്‍ക്ക് രോഗം
രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇരുപത്തിനാല് മണിക്കൂറില്‍ 10,158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചക്കം കടക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനമായി. ഇന്നലെ 7830 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 44,998 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതിന് പിന്നില്‍ വൈറസിന്റെ ഉപവകഭേദമായ ആര്‍ക്ടറസ് എന്ന എക്‌സ്.ബി.ബി 1.6 ആണെന്നാണ് സ്ഥിരീകരണം. കൊവിഡ് പോസ്റ്റീവ് സാമ്പിളുകളില്‍ നടത്തിയ ജനിതകശ്രേണീകരണ പരിശോധനയിലാണ് സമീപകാല വര്‍ധനവിന് കാരണം ആര്‍ക്ടറസ് ആണെന്ന് വ്യക്തമായത്. ജനുവരിയിലാണ് ഈ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം വരുന്നില്ലെങ്കിലും ആര്‍ക്ടറസ് വകഭേദം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. അടുത്ത പത്ത് ദിവസം കൂടി രോഗവ്യാപനം വര്‍ധിച്ച ശേഷം നിയന്ത്രണവിധേമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പനി, ചുമ എന്നിവയ്ക്ക് പുറമേ കണ്ണില്‍ സാരമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാണ്. ഇന്ത്യക്ക് പുറമേ, അമേരിക്ക, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഈ ഉപവകഭേദം പടര്‍ന്നുപിടിക്കുന്നുണ്ട്.



