റഷ്യൻ റോക്കറ്റാക്രമണത്തെ ഭയന്ന് അതിർത്തി കടക്കാൻ നൂറ് കണക്കിന് ഭിന്നശേഷിക്കാർ

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന 200-ഓളം ഉക്രേനിയക്കാർ പോളണ്ട് അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ. കടുത്ത ശൈത്യത്തെയും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെയും അവഗണിച്ചാണ് അതിർത്തി രാജ്യം ലക്ഷ്യമിട്ടുള്ള ഭിന്നശേഷിക്കാരുടെ യാത്രയെന്ന് പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്തു.

ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം 10 ലക്ഷത്തോളം പേരാണ് ഉക്രയ്ൻ യുദ്ധത്തെ തുടർന്ന് അഭയാർഥികൾ ആയിരിക്കുന്നത്. അതിൽ ഉൾപ്പെട്ട നൂറ് കണക്കിന് ഭിന്നശേഷിക്കാരുടെ നില പരിതാപകരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പലതരം അസുഖങ്ങൾ ഉള്ള ഇവർ ദിവസങ്ങളോളം നടന്നാണ് അതിർത്തിയിലേക്ക് എത്താൻ ശ്രമിക്കുന്നത്. അസഹനീയമായ തണുപ്പാണ് ഏറ്റവും വലിയ വെല്ലുവിളി. ഗുരുതരമായ രോഗങ്ങൾ ഉള്ളവരും ഇവർക്കിടയിൽ ഉണ്ട്.

കീവ് നഗരത്തിലെ ആൺകുട്ടികൾക്കുള്ള സ്യാറ്റോഷിൻസ്കി അനാഥാലയത്തിലെയും പെൺകുട്ടികൾക്കുള്ള ഡാണിറ്റ്സ്കി അനാഥാലയത്തിലെയും അന്തേവാസികൾ തെക്കുപടിഞ്ഞാറൻ പോളണ്ടിലെ ഓപോൾ നഗരത്തിലേക്കുള്ള യാത്രാമധ്യേ ഹംഗറിയിലെ സാഹോണി എന്ന സ്ഥലത്ത് എത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ റോക്കറ്റാക്രമണത്തിൽ രാജ്യത്തെ നിരവധി അനാഥാലയങ്ങൾ തകർന്നതായി സ്യാറ്റോഷിൻസ്കി അനാഥാലയത്തിൻ്റെ ഡയറക്ടർ ലാറിസ ലിയോനിഡോവ്ന പറഞ്ഞു. നിരവധി പൊട്ടിത്തെറികൾക്കാണ് അന്തേവാസികൾ സാക്ഷ്യം വഹിച്ചത്. അനാഥാലയത്തിന് സമീപമുള്ള ഒരു മെട്രോ സ്റ്റേഷൻ ബോംബ് സ്ഫോടനത്തിൽ തകർന്നെന്നും അവർ പറഞ്ഞു. ബോംബിങ്ങ് സമയത്ത് ഒരു മണിക്കൂറിലധികമാണ് മണ്ണിനടിയിൽ ചെലവഴിച്ചത്.

Related Posts