മതവികാരം വ്രണപ്പെടുത്തി; ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ ചിത്രത്തിന് വിലക്ക്

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു എ ഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ദുൽഖറിന്‍റെ ചിത്രങ്ങൾക്ക് രാജ്യങ്ങളിൽ വലിയ പ്രേക്ഷകരുള്ള സാഹചര്യത്തിൽ വിലക്ക് നീക്കിയില്ലെങ്കിൽ അത് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഒരു റൊമാന്‍റിക് ഡ്രാമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം പാൻ-ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. . പി എസ് വിനോദാണ് ഛായാഗ്രാഹകൻ. 1960 കളിൽ ജമ്മു കശ്മീരിൽ നടന്ന ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മൃണാൾ ഠാക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രശ്മിക മന്ദാനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Posts